കൊച്ചി : അധികാര ദുർവിനിയോഗം ചെയ്ത് മിസ്സ് ഏഷ്യ 2015 പരിപാടിയുടെ അവസാന ഘട്ടത്തിൽ പരിപാടി തടസപ്പെടുത്തുവാൻ ശ്രമിച്ച മരട് നഗരസഭക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പെഗാസസ് ചെയർമാൻ അറിയിച്ചു . ആഗസ്റ്റ് 18 ന് മരട് നഗരസഭയുടെ പരിധിയിൽ വരുന്ന ലെ മെറിഡിയൻ ഹോട്ടലിൽ വൈകുന്നേരം 6.30 ന് പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത് . അവസാന ഘട്ടത്തിൽ പരിപാടിയ്ക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
ജൂണ്‍ മാസം മുതൽ 4 തവണ പെഗസസിന്റെ ഉദ്യോഗസ്ഥർ ഇതിനോടനുബന്ധിച്ചുള്ള വിവരങ്ങൾ നഗരസഭ ചെയർമാനെയും സെക്രെട്ടറിയേയും അറിയിച്ചിരുന്നു . പരിപാടി കാണുന്നതിനുള്ള എൻട്രി പാസ്സും ഇവർക്ക് നൽകിയിരുന്നു. എന്നാൽ പതിനാലാം തിയതിയിലെ പത്രത്തിൽ വാർത്ത കണ്ടതിനെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നായിരുന്നു മേമ്മോയിലെ വിശദീകരണം. സ്റ്റോപ്പ് മേമ്മോയെ തുടർന്ന് നഗരസഭ അധികൃതരെ സമീപിച്ച സംഘാടകരോട് വിനോദ നികുതി ഇനത്തിൽ 10,80000 രൂപ കെട്ടിവെച്ചാൽ മാത്രമേ പരിപാടി നടത്താൻ അനുവാദം നൽകുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലൂടെ 100 പേർക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഫണ്ട് രൂപീകരണത്തിനായി ഓണ്‍ലൈൻ പോർട്ടലായ ബുക്ക് മൈ ഷോ യിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 24% മാത്രം അടക്കേണ്ട സാഹചര്യത്തിൽ നിർബന്ധപൂർവ്വം 10,80000 രൂപ സംഘാടകരിൽ നിന്നും നഗരസഭ പിടിച്ച് വാങ്ങുകയായിരുന്നു. ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ടു നഗരസഭയിൽ ചെന്ന പെഗസസിന്റെ വനിത ഉദ്യോഗസ്ഥയോട് വർഗീസ് എന്ന നഗരസഭ ഉദ്യോഗസ്ഥൻ വളരെ മോശമായ രീതിയിൽ പെരുമാറുകയും ചെയ്തു. കേരളത്തിൽ നടത്തിയ ഈ അന്താരാഷ്ട്ര മത്സരത്തിനോട് ഇത്തരത്തിൽ പ്രവർത്തിച്ച നഗരസഭക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ് പെഗാസസ്.
Leave a Reply