ഗായത്രി. ആര്‍. സുരേഷ്.. മലയാള സിനിമയിലേക്ക് അനേകം നായികമാരെ സമ്മാനിച്ച സാംസ്‌കാരിക നഗരിയില്‍ നിന്നും വെള്ളിത്തിരയുടെ ഗ്ലാമര്‍ ലോകത്തേക്കെത്തിയ പെണ്‍കൊടി.സൗന്ദര്യമത്സര വേദികളില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസവുമായി ബിഗ് സ്‌ക്രീനിലേക്കെത്തിയ ഗായത്രിയുടെ കയ്യില്‍ ജമ്‌നാപ്യാരിയിലെ പാര്‍വ്വതിയുടെ വേഷം ഭദ്രമായിരുന്നു. മിസ് കേരള, മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരങ്ങളില്‍ വിജയകിരീടം ചൂടിയ ഗായത്രി യുണീക് ടൈംസിനോട് മനസ്സ് തുറക്കുന്നു.
ആദ്യ സിനിമയായ ജമ്‌നാപ്യാരിയുടെ വിജയം എങ്ങനെ നോക്കിക്കാണുന്നു?
ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജമ്‌നാപ്യാരിയായതില്‍ സന്തോഷമുണ്ട്. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആയി എല്ലാവരും ചിത്രത്തെ അംഗീകരിച്ചു. ഇപ്പോഴും 30 ദിവസങ്ങള്‍ കഴിഞ്ഞ് ചിത്രം ഓടുന്നതിന്റെ സന്തോഷത്തിലാണ്. പിന്നെ, ആദ്യസിനിമയില്‍ തന്നെ തൃശ്ശൂര്‍ക്കാരിയായി അഭിനയിക്കാന്‍ സാധിച്ചതിലും വളരെയധികം സന്തോഷമുണ്ട്.
സൗന്ദര്യമത്സരങ്ങളിലൂടെയാണല്ലോ സിനിമയിലേക്കെത്തിയത്? എങ്ങനെയായിരുന്നു ആ ചുവടുവെയ്പ്?
ആദ്യമായി പങ്കെടുത്ത മിസ് കേരള മത്സരത്തില്‍ ഞാന്‍ ടൈറ്റില്‍ വിന്നര്‍ ആയിരുന്നു. തുടര്‍ന്ന് പെഗാസസ് ഇവന്റ് മേക്കേഴ്‌സിന്റെ മണപ്പുറം മിസ് സൗത്ത് ഇന്ത്യയിലും മിസ് ക്യൂന്‍ ഓഫ് ഇന്ത്യയിലും പങ്കെടുത്തു. രണ്ട് മത്സരത്തിലും സെക്കന്റ് റണ്ണറപ്പായിരുന്നു. അങ്ങനെയാണ് സിനിമ മേഖലയിലുള്ളവര്‍ എന്നെ ശ്രദ്ധിച്ചത്.
കുഞ്ചാക്കോ ബോബന്റെ നായികയായതിനെക്കുറിച്ച്?
അനിയത്തിപ്രാവ്, നിറം തുടങ്ങിയ ചിത്രങ്ങളൊക്കെക്കണ്ട് ചാക്കോച്ചന്റെ വലിയ ആരാധികയായിരുന്നു ഞാന്‍. അദ്ദേഹത്തിനൊപ്പം തന്നെ ആദ്യചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം ഭാഗ്യവതിയാണ്. ചാക്കോച്ചന്‍ വലിയ തമാശക്കാരനാണ്. അതുപോലെതന്നെ നമ്മളെ ഒരുപാട് സഹായിക്കും. അങ്ങനെ ചെയ്യണ്ട, ഇങ്ങനെ ചെയ്താല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നെല്ലാം പറഞ്ഞുതരും. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് തികച്ചും കംഫര്‍ടബിളായിരുന്നു.
അനിയത്തിപ്രാവിലെ സുധി, നിറത്തിലെ എബി ഇവരെപ്പോലെയായിരുന്നോ ജമ്‌നാപ്യാരിയിലെ വാസൂട്ടന്‍?
വളരെ റിലേറ്റീവ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു ജമ്‌നാപ്യാരിയിലെ വാസൂട്ടന്‍. നാട്ടുകാര്‍ക്ക് ഏറെ വിശ്വസ്തനായ, എല്ലാവരെയും സഹായിക്കുന്ന,എന്തുകാര്യവും പോസിറ്റീവ് ആയിക്കാണുന്ന ഒരു വ്യക്തിയാണ് വാസൂട്ടന്‍.
ഗായത്രി വളരെ ബോള്‍ഡാണല്ലോ? എന്താണ് അതിന്റെ രഹസ്യം?
ഞാന്‍ ചെറുപ്പം മുതലേ ഇങ്ങനെയാണ്. എന്റെ അച്ഛന്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്ന എല്ലാവിധ ക്ലബ്ബുകളിലും മെംബര്‍ ആയിരുന്നു. അവിടെ എന്ത് പരിപാടി നടന്നാലും ഞാനായിരിക്കും കോംപയര്‍ ചെയ്യുന്നത്. കൂടാതെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലിക്ക് കയറിയപ്പോള്‍ ഇവിടുത്തെ പരിപാടികള്‍ക്കും അവതാരകയാവും. അങ്ങനെ ഓഡിയന്‍സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയിരുന്നു. ഇതിനെല്ലാമപ്പുറം അച്ഛനും അമ്മയും എന്നെ വളര്‍ത്തിയ രീതി അങ്ങനെയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
Leave a Reply